ഹായ് ദ്വിലീപ് ....താനിപ്പോള്‍ എവിടെയാണ് ...
കുറച്ചായി കാണാറില്ലല്ലോ ...തനിയ്ക്കിത് എന്ത് പറ്റി....
ആകെ വല്ലാതായിട്ടുണ്ടല്ലോ .....മുന്‍പത്തെ പ്രസരിപ്പെല്ലാം എവിടെ പോയി .....? അയലത്തെ സുബൈദ ചാച്ചയും കണ്ടപ്പോള്‍ ഇതേ ചോദ്യം ...നെനക്ക് എന്ത് പറ്റി മോനെ മുഖൊക്കെ വാടിക്കരിഞ്ഞതുപോലെ.....ഇതിപ്പോള്‍ എത്രാമത്തെ ആളുടെ
ചോദ്യമാണ് ..എണ്ണം എടുത്തില്ല പക്ഷെ ഇനിയത് വേണ്ടിവരുമെന്ന് തോന്നുന്നു.
വീട്ടില്‍ ഭക്ഷണത്തിന് മുന്‍പില്‍ ഇരിക്കുമ്പോള്‍ അമ്മയുടെ ചോദ്യം നിന്റെ ആ
കൂട്ടുകാരി ഉണ്ടായിരുന്നില്ലേ ...അമല. അവളിപ്പോള്‍ എവിടെയാണ് ...? അറിയില്ല
എന്നല്ലാതെ മറ്റെന്തു ഉത്തരമാണ് നല്കാന്‍ കഴിയുക. രാത്രി ഉറങ്ങാന്
കിടന്നപ്പോഴും ചിന്ത അമലയെക്കുറിച്ചായിരുന്നു. അതിനാലാവാം സ്ഥിരമായി
അവള്‍ ഉപയോഗിച്ചിരുന്ന ജാസ്മിന്‍ പെ൪ഫ്യുമിന്റെ സുഗന്ധം ജന്നല്‍ കര്ടനെ തഴുകി നേര്ത്ത കാറ്റിനോടൊപ്പം മുറിയിലാകെ നിറഞ്ഞു. ആകാശത്ത് നക്ഷത്രങ്ങളുടെ വര്ണകുട.....അതിനിടയില്‍ ചന്ദ്രക്കലയുടെ പൊട്ടും.
ബല്‍ഗാമിലെ "ആള്‍ ഇന്ത്യ ഇന്‍സ്ടിട്യുടിലെ" രണ്ടു വര്‍ഷത്തെ പഠനത്തിന് സെലക്ഷന്‍ കാര്‍ട് വന്നപ്പോള്‍ മുതല്‍ നിറഞ്ഞ സന്തോഷവും ഒപ്പം അറിയാത്ത
സ്ഥലത്ത് തനിച്ചു പോകുന്നതിലുള്ള വിഷമവും.ഒടുവില്‍ സുഹൃത്തിനെയും കൂട്ടി
മംഗലാപുരംവണ്ടി കയറി. അവിടെവെച്ച് പരിചയപ്പെടുന്നു ....
വെള്ളയില്‍ ചുവന്ന ചെറിയ പുള്ളികളുള്ള ചൂരീദാറും ദുപ്പട്ടയുമിട്ട വെളുത്ത് മെലിഞ്ഞ
പെണ്‍കുട്ടി ..അമല. കൂടെ അച്ഛന്‍ ഡേവിഡ്. ഒരേ കോളേജിലെയ്ക്ക് ആണ്
രണ്ടുപേരുടെയും യാത്ര എന്നറിഞ്ഞപ്പോള്‍ സന്തോഷവും ധൈര്യവും തോന്നി.
മംഗലാപുരത്തുനിന്ന് ബെല്ഗാമിലേയ്ക്കുള്ള യാത്രയ്ക്കിടയില്‍ ഡേവിഡ്ന് പറയാന്‍ ഒത്തിരി കാര്യങ്ങള്‍ ....നാട്ടുകാര്യവും, വീട്ടുകാര്യവും...അങ്ങിനെ പലതും. കോട്ടയം കടതുരുത്തിയിലാണ് വീട്. പഴയ കര്‍ഷക കുടുംബം അധ്യാപക
ജോലിയില്‍നിന്നും പിരിഞ്ഞിട്ട് വര്‍ഷം രണ്ട് കഴിഞ്ഞു. ഇപ്പോള്‍ കൃഷിയും
മറ്റുമായി കഴിയുന്നു. മൂന്നു പെണ്‍ കുട്ടികളാണ് അതില്‍ മൂത്തവള്‍ ആണ് അമല. മറ്റു രണ്ടുപേര്‍ പത്തിലും എട്ടിലും. നല്ലപോലെ പഠിച്ച് ഒരു ജോലി കിട്ടിയാല്‍ പിന്നെ
കൊടുക്കേണ്ട സ്ത്രീധനത്തിന് അല്‍പ്പം കുറവുണ്ടാവുമല്ലോഎന്നതാണ്
അദ്ധേഹത്തിന്റെ ചിന്ത.
കോളേജില്‍ അഡ്മിഷന്‍ ശരിയാക്കി അവശ്യ സാധനങ്ങളും വാങ്ങി അടുത്തടുത്ത വീടുകളില്‍ രണ്ടുപേരുടെയും താമസവും ശരിയാക്കിയ ശേഷം സുഹൃത്തും ഡേവിഡ് സാറും തിരിച്ചുപോയി. ഇതുവരെ വീട് വിട്ട് ശീലമില്ലാത്തതിനാലാവാം ആകെ ഒരു ശൂന്യത....
കൂട്ടം തെറ്റിയ പക്ഷിയെപ്പോലെ. എങ്കിലും അമലയുമായുള്ള സൌഹൃതം എല്ലാ
വിഷമങ്ങള്‍ക്കും താങ്ങും തണലുമായി. പഠന വിഷയങ്ങള്‍ കുറച്ചു
ബുദ്ധിമുട്ടുള്ളതായിന്നു
എങ്കിലും മറ്റുള്ള കാര്യങ്ങളില്‍ ഇടപെടാതെ മിക്ക സമയവും
അതിനായി ചെലവഴിച്ചു. എന്നിരിക്കിലും അവധി ദിവസങ്ങളില്‍ തിലക് വാടിയിലെ
ശിവാജി പാര്‍ക്കില്‍ വെച്ച് കണ്ണുകള്‍ കൊണ്ട് കവിത രചിച്ചു. ഇതിനകം കൂടെയുള്ള
മറ്റു സഹപാഠികള്‍ക്കിടയില്‍ ഞങ്ങളുടെ ബന്ധം സംസാരവിഷയമായിമാറി.
മൂന്ന് മാസങ്ങള്‍ക്ക് ശേഷം കിട്ടിയ ഒരാഴ്ചത്തെ ക്രിസ്തുമസ് അവധി ....നാട്ടിലേയ്ക്കുള്ള
യാത്രയില്‍ ഒരുമിച്ച്……രാത്രി ആയതിനാലാവാം എന്റെ മടിയില്‍ തല ചായ്ച്ച് അവള്‍ ഉറങ്ങി. നീണ്ട് ചുരുണ്ട മുടിയിലൂടെ വിരലോടിക്കുമ്പോള്‍ വാത്സല്യമോ....
അതോ കാമമോ മനസ്സില്‍....?വാസ്ലീന്‍ ഷാമ്പൂവിന്റെ ചൂരുള്ള ഹൃദ്യ സുഗന്ധം, നീണ്ട് വെളുത്ത കൈകളില്‍ ക്യുട്ടെക്സ് ഇട്ട് ഭംഗിയാക്കിയിരിക്കുന്നു. ത്രെഡ് ചെയ്ത്‌നേര്‍പ്പിച്ച
പുരികം മുഖത്തിന്റെ അഴക് കൂട്ടുന്നു. ഉടുപ്പിയില്‍ ഭക്ഷണം കഴിക്കാന്‍ വേണ്ടി ബസ്സ്
നിര്‍ത്തിയപ്പോള്‍ അവളെ തട്ടിവിളിച്ച് ഉറക്കില്‍നിന്നും ഉണര്‍ത്തി. അടുത്ത് കണ്ട തട്ടുകടയില്‍നിന്നും ചൂടുള്ള ഒംലെട്ടും ബ്രെഡും വാങ്ങി വന്ന്
രണ്ടുപേരും കഴിച്ചു. കുടിയ്ക്കാന്‍ കരിയ്ക്കും..വെയില്‍ കൊണ്ട് വാടിയതിനാലാവാം
മധുരവുംപുളിയും കലര്‍ന്ന ഒരുതരം ചവര്‍പ്പ് രുചി.
ബസ്സ് വീണ്ടും യാത്ര തുടങ്ങിയപ്പോള്‍ അവള്‍ പിന്നെയും ഉറക്കം പിടിച്ചു. കോട്ടയത്ത് എത്തിയപ്പോള്‍ അമലയെ സ്വീകരിക്കാന്‍ ഡേവിഡ് സാര്‍
കാത്തു നില്‍പ്പുണ്ടായിരുന്നു. മകളെ സുരക്ഷിതമായി അച്ഛന്റെ കൈകളില്‍
ഏല്‍പ്പിച്ച ശേഷം തനിയെ വീട്ടിലേയ്ക്കുള്ള പ്രയാണം തുടര്‍ന്നു.
ക്രിസ്തുമസ് ആഘോഷിക്കാന്‍ അമലയുടെയും അച്ഛന്റെയും പ്രത്യേക ക്ഷണം.
നിര്‍ബന്ധത്തിനു വഴങ്ങി കോട്ടയത്ത് പോയി. വഴിയരികില്‍ റബ്ബര്‍ കാടുകളും
പച്ചപ്പട്ടു വിരിച്ചപോലെ തേയില ചെടികളും. പഴയ ഓടു മേഞ്ഞ ഇരുനില വീട്. വീട്ടു സാധനങ്ങള്‍ ചിട്ടയായും ഭംഗിയായും വെച്ചിരിക്കുന്നു മുന്നില്‍ ചെറിയ പൂന്തോട്ടം, നിറയെ ചിരിയ്ക്കുന്ന പൂക്കള്‍ റോസും ജമന്തിയും നമ്പ്യാര്‍ വട്ടവും അങ്ങിനെ പലതും ..
ഹൃദ്യമായ സല്‍ക്കാരം ഇതുവരെ ഒരു ക്രിസ്ത്യന്‍ സുഹൃത്ത് ഇല്ലാത്തതിനാലാവാം അവരുടെ കള്‍ച്ചര്‍, സമ്പ്രദായം, ഒന്നും പരിചയമില്ലായിരുന്നു. ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ സദ്യ. താറാവു റോസ്റ്റ് , കരിമീന്‍ കറി, അങ്ങിനെ പല വിഭവങ്ങള്‍ ഒപ്പം വയിനും. ഒരു മടിയുമില്ലാതെ അമലയും വയിന്‍ കുടിക്കുന്നത് കണ്ടപ്പോള്‍ ആദ്യമൊന്ന് അമ്പരന്നു പിന്നീട് അതില്‍ പുതുമ ഒന്നും ഇല്ലെന്നു മനസ്സിലാക്കി.
വയ്കുന്നേരം അടുത്തുള്ള കടത്തുരുത്തി പള്ളിയില്‍ പോയി. പതിവുപോലെ വെളുത്ത
ചുരിദാര്‍ തന്നെ വേഷം. കയ്യില്‍ കരിവള, മഷിയിട്ട് കറുപ്പിച്ച മിഴികളില്‍ നാണത്തിന്റെ തിളക്കം. നിനക്കീ ഇളം കളറുകള്‍ അല്ലാതെ കടും നിറത്തിലുള്ള
ഡ്രെസ്സുകള്‍ ഒന്നുമില്ലേ ..പലതവണ മുന്‍പും ചോദിച്ചിരുന്നു ഉത്തരം ഇതുവരെയും
കിട്ടിയിരുന്നില്ല. എന്നാല്‍ ഇന്നവള്‍ മനസ്സ് തുറന്നു. അമ്മ രണ്ടു വര്‍ഷം മുന്‍പ് മരിച്ചു
അറ്റാക്ക് ആയിരുന്നു. ഇപ്പോള്‍ വീട്ടിലുള്ളത് രണ്ടാനമ്മ ആണ് എങ്കിലും സ്നേഹത്തിന് കുറവൊന്നുമില്ല .മരണം രംഗ ബോധമില്ലാത്ത കോമാളി. മൌനത്തിന്റെ,ദുഖത്തിന്റെ, മൂടുപടം കാര്‍മേഘം പോലെ അവളില്‍ നിറയുന്നതിനു മുന്‍പേ വിഷയം മാറ്റി സംസാരിച്ചു.
ക്രിസ്തുമസ്സിന്റെ പ്രാര്‍ഥനയും ബഹളങ്ങളും എല്ലാം കഴിഞ്ഞതിനാലാവാം പള്ളി
ശൂന്യമായിരുന്നു. വിശാലമായ ഹാളില്‍ കത്തുന്ന മെഴുകു തിരികളില്‍
തിളങ്ങുന്ന യേശു രൂപം. അന്യ മതസ്ഥനായ എനിയ്ക്ക് അതിനകത്ത്
കയറാന്‍ പേടി തോന്നി എങ്കിലും അവളുടെ നിര്‍ബന്ധത്തിനു വഴങ്ങി ഞാനും....
അള്‍ത്താരയ്ക്ക് മുന്നില്‍ മുട്ട് കുത്തി കുറെ നേരം പ്രാര്‍ഥിച്ചു. ദുഖവും സന്തോഷവും വരുമ്പോള്‍ മിക്കവരുടെയും ആശ്രയം ദൈവം തന്നെ. എങ്കിലും ഇത്രയും നേരത്തെ അവളുടെ പ്രാര്‍ഥനയില്‍ എന്റെ നിഴലെങ്കിലും ഉണ്ടാവുമോ ....
രണ്ടു വര്‍ഷത്തെ കോളേജ് ജീവിതം പെട്ടെന്ന് കഴിഞ്ഞതുപോലെ. ഋതുക്കള്‍ മാറി മാറി വന്നു. ഒരു വസന്തത്തില്‍ അവള്‍ വന്നു എന്റെ നാടും വീടും കാണാന്‍. പാടത്തും പറമ്പിലും ഒരു പൂമ്പാറ്റയെ പോലെ പാറി നടന്നു. എന്റെ കൂട്ടുകാരായ കിളികളെ നോക്കിയവള്‍ പറഞ്ഞു എനിയ്ക്ക് നിന്നോട് അസൂയ്യ തോന്നുന്നു എന്തിനെന്നോ ഈ കിളികളെല്ലാം നിന്റെ മാത്രം സ്വന്തമായത് കൊണ്ട്. ഇഷ്ടപ്പെട്ട ഫ്രയ്ട് റയ്സും സലാഡും ഞാന്‍ തന്നെ ഉണ്ടാക്കി നിര്‍ബന്ധിച്ചു കഴിപ്പിച്ചു. അടുത്തുള്ള പറപ്പള്ളി ബീച്ചില്‍ പോയി മണലിലും മനസ്സിലും കൊട്ടാരമുണ്ടാക്കി.
കാലത്ത് യാത്രയാക്കാന്‍ സ്റ്റേഷനില്‍ പോയി തിരിച്ചുവന്നപ്പോള്‍ വീണ്ടും ഒറ്റപ്പെടല്‍.
"മനുഷ്യന്റെ ഏറ്റവും വലിയ ദുഃഖം വിശപ്പല്ല ഒറ്റപ്പെടലാണ്"....
എവിടെയോ വായിച്ചത് ഓര്‍ക്കുന്നു. ഇടയ്ക്കൊക്കെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു
പിന്നീടത് നേര്‍ത്ത് നേര്‍ത്ത് ജലരേഖ മാത്രമായി മാറി. ഇടയ്ക്കെപ്പോഴോ അറിയാന്‍
കഴിഞ്ഞു അമല ദൈവത്തിന്റെ മണവാട്ടി ആയി ജര്‍മനിയ്ക്കു പോയെന്നു.
പക്ഷെ അത് വിശ്വസിക്കാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല. കാരണം മനസ്സില്‍ എല്ലായ്പ്പോഴും കാണുന്നത് ഒരു മാലാഖയെപോലെ വസ്ത്രം ധരിച്ച് അള്‍ത്താരയ്ക്ക് മുന്നില്‍ നിന്നുകൊണ്ട് മിന്ന് കെട്ടുന്ന രംഗമാണ് .
ആഗ്രഹം അങ്ങിനെതന്ന ഇരിയ്ക്കട്ടെ.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ